കർണ്ണനിൽ ഇനി പൃഥ്വിരാജ് ഇല്ല; പകരം ചിയാൻ വിക്രം......................


ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ കര്‍ണനു വേണ്ടി ആരാധകര്‍ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളേറെയായി. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയാകും നായകന്‍ എന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രത്തില്‍ നായകനാവുക തമിഴ് നടന്‍ വിക്രമായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. സംവിധായകന്‍ വിമല്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു അറിയിപ്പു നല്‍കിയത്.

ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയ കാലം മുതല്‍ നായകനായി തീരുമാനിച്ചിരുന്ന പൃഥ്വിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം തേടി അലയുകയാണ് ആരാധകര്‍. മലയാള സിനിമയിലെ തിരക്കു പിടിച്ച നടനാണ് പൃഥ്വി.

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള താരത്തിന്റെ ഡെയ്റ്റെല്ലാം തീര്‍ന്നിരിക്കുകയാണെന്നും അതിനാലാണ് പൃഥ്വിയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പൃഥ്വിയും വിമലും തമ്മിലുള്ള ഭിന്നിപ്പും തീരുമാനത്തിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നു നിന്റെ മൊയ്തീനിലെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രമേഷ് നാരായണന്‍ ആയിരുന്നു. രമേശ് ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പൃഥ്വി വിമലിനോട് ആവശ്യപ്പെട്ടടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിലെ അവാര്‍ഡ് നേടിയ ഗാനവും ഇതില്‍ ഉള്‍പ്പെടുമെന്നും മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ പി.ജയചന്ദ്രനെ ഒഴിവാക്കാന്‍ പൃഥ്വി പറഞ്ഞതായും വിമല്‍ രമേശിനോട് പറഞ്ഞിരുന്നുവെന്നും ഇതേ തുടര്‍ന്ന് വലിയ അഭിപ്രായ ഭിന്നത രൂപപ്പെട്ടെന്നും പറയുന്നു.

Comments