നാട്ടുച്ചക്കുപോലും പ്രകൃതി നൽകുന്ന എ. സി യുടെ കുളിർമ്മ അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി വരാം ഇരിങ്ങോൾ കാവിലേക്ക്.
- Get link
- X
- Other Apps
കഠിനമായ വേനൽ കാലത്തു നാട്ടുച്ചക്കുപോലും പ്രകൃതി നൽകുന്ന എ. സി യുടെ കുളിർമ്മ അനുഭവിച്ചറിയാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി വരാം ഇരിങ്ങോൾ കാവിലേക്ക്. പ്രകൃതിയും, മനുഷ്യനും അവന്റെ പാരമ്പര്യവും സംസ്കാരവുമെല്ലാം ഒത്ത് ചേരുന്ന ആ പഴയ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകളിലൂടെയുള്ള കേരളപ്പഴമയുടെ എല്ലാ നന്മകളും നിറഞ്ഞ് തുളുമ്പുന്ന ഇരിങ്ങോൾ കാവ്.
ഒരു നാടിന്റേയും അവർ അനുഷ്ഠിച്ചു പോരുന്ന വിശ്വാസത്തിന്റേയും
നന്മകളെല്ലാം തന്നെ കാവിനുളളിൽ എവിടെയും കാണാൻ കഴിയും. 50 ഏക്കറോളം ചുറ്റളവിലുള്ള ഈ കാവിനുള്ളിലെ ഓരോ വൃക്ഷങ്ങളിലും ദൈവീക ശക്തി കുടിയിരിക്കുന്നു എന്ന വിശ്വാസമുള്ളതിനാലാവാം അമ്പലത്തിനാവശ്യമായ ഉരുപ്പടികൾക്ക് പോലും ഈ മഹാമരങ്ങളുടെ കടയ്ക്കലൊന്നും ഇതുവരെ മഴു എത്താതിരുന്നത്. ഈ വിശ്വാസങ്ങളെയെല്ലാം ഇരിങ്ങോൾ നിവാസികൾ അതേപടി അനുവർത്തിച്ച് പോരുന്നതു കൊണ്ടാണ് നഗരപരിധിയിൽ തന്നെ ഇങ്ങനെയൊരു വനം നമുക്കെല്ലാം കാണാൻ കഴിയുന്നത്. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഇവിടെ പ്രവേശന ഫീസോ സന്ദർശനത്തിനു പ്രത്യേക സമയമോ ഇല്ല.
കാവിനെപ്പറ്റി പറയുന്ന ഐതിഹ്യം ഇങ്ങനെ ആണ്. ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു. എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, ‘ഇരിന്നോൾ’ എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ ‘ഇരിങ്ങോൾ’ എന്നായി മാറി എന്നാണ് പറയപ്പെടുന്നത്. പിടിയാനകളെ എഴുന്നള്ളിപ്പിക്കുന്ന കാവിൽ നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കാടിനുള്ളിലേക്ക് കടത്തി വിടാതെ തിങ്ങി നിറഞ്ഞു വൃക്ഷങ്ങൾ കാവൽ നിൽക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവ് എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ – മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടക്കു 60 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥതി ചെയുന്നു.





Comments
Post a Comment