സമവായം തേടി സര്‍ക്കാര്‍; മുത്തലാഖ് ബില്‍ രാജ്യസഭ നാളത്തേക്ക് മാറ്റും



മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിവെക്കും. ബില്ലില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. സമവായത്തിന്റെ ശ്രമങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ച് ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.

മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കി മാറ്റുന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയാല്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണക്കും. സ്ഥിരം സമിതിയുടെ സൂക്ഷ്മപരിശോധനക്ക് വിടണമെന്നാണ് എസ് പി അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യം.

വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയാണ് ബില്‍ നാളത്തേക്ക് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. ബില്‍ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. രാജ്യസഭയില്‍ കൂടി പാസാകുകയാണെങ്കില്‍ ബില്‍ നിയമമായി മാറും.

Comments